‏ 2 Chronicles 9:1-12

ശേബാരാജ്ഞി ശലോമോനെ സന്ദർശിക്കുന്നു

1ശേബാരാജ്ഞി ശലോമോന്റെ പ്രശസ്തി കേട്ടിട്ട് കഠിനമായ ചോദ്യങ്ങളുമായി അദ്ദേഹത്തെ പരീക്ഷിക്കാൻ ജെറുശലേമിലേക്കു വന്നു. സുഗന്ധദ്രവ്യങ്ങളും ധാരാളം സ്വർണവും വിലപിടിപ്പുള്ള രത്നക്കല്ലുകളും വഹിക്കുന്ന ഒട്ടകങ്ങളുമായി വമ്പിച്ച പരിവാരങ്ങളോടെയാണ് രാജ്ഞി എത്തിയത്. അവൾ ശലോമോന്റെ അടുക്കലെത്തി തന്റെ മനസ്സിൽ നിരൂപിച്ചിരുന്ന സകലകാര്യങ്ങളെക്കുറിച്ചും അദ്ദേഹവുമായി സംസാരിച്ചു. 2അവളുടെ എല്ലാ ചോദ്യങ്ങൾക്കും ശലോമോൻ മറുപടി നൽകി; വിശദീകരണം കൊടുക്കാൻ കഴിയാത്തവിധം യാതൊന്നും അദ്ദേഹത്തിന് അജ്ഞാതമായിരുന്നില്ല. 3ശലോമോന്റെ ജ്ഞാനം, അദ്ദേഹം പണിയിച്ച അരമന, 4അദ്ദേഹത്തിന്റെ മേശയിലെ വിഭവങ്ങൾ, ഉദ്യോഗസ്ഥരുടെ ഇരിപ്പ്, പ്രത്യേക വേഷവിധാനമണിഞ്ഞ പരിചാരകവൃന്ദങ്ങളുടെ നിൽപ്പ്, വേഷവിധാനങ്ങളോടുകൂടിയ പാനപാത്രവാഹകർ, യഹോവയുടെ ആലയത്തിൽ അർപ്പിച്ച ഹോമയാഗങ്ങൾ എന്നിവയെല്ലാം കണ്ടപ്പോൾ ശേബാരാജ്ഞി വിസ്മയസ്തബ്ധയായി.

5അവൾ രാജാവിനോടു പറഞ്ഞു: “അങ്ങയുടെ നേട്ടങ്ങളെക്കുറിച്ചും ജ്ഞാനത്തെക്കുറിച്ചും എന്റെ നാട്ടിൽവെച്ചു ഞാൻ കേട്ട വാർത്ത സത്യംതന്നെ. 6പക്ഷേ, ഇവിടെയെത്തി സ്വന്തം കണ്ണുകൾകൊണ്ടു നേരിൽ കാണുന്നതുവരെ ആളുകൾ പറഞ്ഞുകേട്ടതു ഞാൻ വിശ്വസിച്ചിരുന്നില്ല. യഥാർഥത്തിൽ അങ്ങയുടെ ജ്ഞാനമാഹാത്മ്യത്തിന്റെ പകുതിപോലും ഞാൻ കേട്ടിരുന്നില്ല. അങ്ങ് ഞാൻ കേട്ടതിനെക്കാൾ എത്രയോ ശ്രേഷ്ഠനാണ്. 7അങ്ങയുടെ ജനം എത്ര ഭാഗ്യംചെന്നവർ! അങ്ങയുടെ ജ്ഞാനവചനങ്ങൾ എപ്പോഴും കേൾക്കുന്ന അങ്ങയുടെ സേവകരും എത്ര ഭാഗ്യശാലികൾ! 8യഹോവയായ ദൈവത്തിനുവേണ്ടി ഭരണം നടത്താൻ അങ്ങയെ തന്റെ സിംഹാസനത്തിൽ രാജാവായി പ്രതിഷ്ഠിക്കാൻ പ്രസാദിച്ച അങ്ങയുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ! അങ്ങയുടെ ദൈവത്തിന് ഇസ്രായേലിനോടുള്ള സ്നേഹംനിമിത്തവും അവരെ എന്നെന്നേക്കുമായി ഉയർത്താനുള്ള ആഗ്രഹംമൂലവും യഹോവ അങ്ങയെ അവർക്കുമീതേ നീതിയും ധർമവും പരിപാലിക്കാൻ രാജാവാക്കിയിരിക്കുന്നു.”

9അതിനുശേഷം അവൾ നൂറ്റിയിരുപതു താലന്തു
ഏക. 4.5 ടൺ.
സ്വർണവും വളരെയേറെ സുഗന്ധദ്രവ്യങ്ങളും വിലപിടിപ്പുള്ള രത്നങ്ങളും രാജാവിനു സമ്മാനിച്ചു. ശേബാരാജ്ഞി ശലോമോൻ രാജാവിനു സമ്മാനിച്ചിടത്തോളം സുഗന്ധദ്രവ്യങ്ങൾ അവിടെ പിന്നീട് ഒരിക്കലും ഉണ്ടായിട്ടില്ല.

10(ഇതു കൂടാതെ, ഹീരാമിന്റെ ദാസന്മാരും ശലോമോന്റെ ദാസന്മാരുംചേർന്ന് ഓഫീറിൽനിന്ന് സ്വർണവും ചന്ദനത്തടികളും വിലപിടിപ്പുള്ള രത്നങ്ങളുംകൂടി കൊണ്ടുവന്നു. 11യഹോവയുടെ ആലയത്തിനും രാജകൊട്ടാരത്തിനും ചവിട്ടുപടികൾ ഉണ്ടാക്കുന്നതിനും ഗായകർക്കുവേണ്ടി കിന്നരങ്ങളും വീണകളും നിർമിക്കുന്നതിനും രാജാവ് ആ ചന്ദനത്തടികൾ ഉപയോഗിച്ചു. യെഹൂദാദേശത്ത് അത്തരത്തിലുള്ളതൊന്നും മുമ്പൊരിക്കലും കാണാൻ ഉണ്ടായിരുന്നില്ല.)

12ശേബാരാജ്ഞി ആഗ്രഹിച്ചതും ചോദിച്ചതുമെല്ലാം ശലോമോൻരാജാവ് അവൾക്കു നൽകി. അവൾ അദ്ദേഹത്തിനുവേണ്ടി ഇങ്ങോട്ടു കൊണ്ടുവന്നതിനെക്കാൾ വളരെക്കൂടുതൽ അദ്ദേഹം അവൾക്ക് അങ്ങോട്ടു കൊടുത്തയച്ചു. അതിനുശേഷം, അവൾ പരിവാരസമേതം സ്വദേശത്തേക്കു മടങ്ങിപ്പോയി.


Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.